Tuesday, July 3, 2012

ഞാന്‍ ഗന്ധര്‍വ്വന്‍


അവള്‍ , 
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ പവിത്ര ചര്‍മ്മം പൊട്ടാത്ത
നിര്‍മ്മല സൗന്ദര്യത്തിന്‍ സുഗന്ധമുള്ള വിശുദ്ധ കന്യക
കേവല സ്വപ്നങ്ങളുടെ അപഥ സഞ്ചാര ചുഴിയില്‍ പെട്ട്
അഹംബോധത്തിന്‍റെ പാപ ബീജത്തെ എല്ക്കാത്തവള്‍
ക്ഷണിക ജന്മത്തിന്‍ വ്യര്‍ത്ഥ മോഹങ്ങളുടെ ഗര്‍ഭം പേറി
അധര്‍മ്മ സങ്കല്‍പ്പത്തിന്നപമൃത്യുവിനു ജന്മമേകാത്തവള്‍
അഭൌമ സൌന്ദര്യത്തിന്‍ പുണ്യ തീര്‍ഥകുടങ്ങള്‍ നിറയെ
ആഭിചാരത്തിന്‍ തേന്‍ പുരട്ടിയ വിഷം ചുരത്താത്തവള്‍
അവള്‍ ,അഗ്നിശുദ്ധിയില്‍ അഴകുവിടര്‍ത്തിയ നാകസുന്ദരി

ഞാന്‍ ,
നുരഞ്ഞു പതയും തിരകള്‍ തലോടിയ മണല്‍ തരികളുടെ
നനവിലാഴ്ന്നു മറഞ്ഞ ശില്പ്പത്തില്‍ തറഞ്ഞു പോയവന്‍
കര്‍മ്മദോഷം ശാപമായി പേറി ശിഷ്ട ജന്മമോക്ഷം തേടി
പൃഥ്വിതന്‍ മാറിലേക്കഭീഷ്ടമെന്യേ പിറവികൊണ്ടവന്‍ .
പൊയ്മുഖങ്ങളില്‍ പിറവിയെടുത്ത വാക്കുകളുടെയാത്മാവിന്
ശ്രാദ്ധകര്‍മ്മം നടത്തുവാന്‍ സത്യം തിരഞ്ഞു പോയവന്‍
ഞാന്‍, അനുനിമിഷം  ആത്മഹത്യ ചെയ്യുന്ന വെറും ഭീരു .

ഇതു ഗന്ധര്‍വയാമം ,
ഏതോ തിരയിലുണര്‍ന്ന തരികളൊഴിഞ്ഞു മാറിയ നൊടിയി-
ലവളുടെ മിഴികള്‍ പതിച്ചതെന്‍ നനയുമുടലിന്നുള്ളിലെരിയുമാ-
ത്മാവിന്‍ ഇരുളുവീണുടയാത്ത ചെറിയ പളുങ്ക് ചെപ്പിന്നുള്ളില്‍ -
മിന്നി തിളങ്ങുമെന്‍ പ്രതീക്ഷയുടെ ഭ്രാന്ത മനസ്സിന്‍ ചിപ്പിയില്‍ .
വിധി നിയോഗത്തിന്‍ കാലയവനികയില്‍ നിന്നെത്തിയ കര
തലോടലില്‍ മോക്ഷം നേടിയെന്നാത്മാവ് സ്വതന്ത്രമായ്‌ -
വെണ്‍നിലാവിലലിഞ്ഞ യാമം, ഇതു ഗന്ധര്‍വ യാമം .

ഒരു പാലപ്പൂവിന്‍ മാദക ഗന്ധമായ്‌  അവളുടെ കിനാവിന്‍
നസ്വാരന്ധ്രങ്ങളില്‍ നിത്യ വിസ്മയങ്ങള്‍ നിറച്ചു നില്‍ക്കും -
ഞാന്‍ ഗന്ധര്‍വ്വന്‍ .

No comments:

Post a Comment