Friday, November 26, 2010

നിഴല്‍

ആരാണ് നീ .....എന്തിനെന്‍ വഴികളിലെന്നെ പിന്തുടരുന്നു...  
അന്ധകാരത്തിന്‍ പിന്‍ വിളികളിലെന്നും 
നിന്‍റെ രൂപമെന്‍  മിഴികളില്‍ ഭീതിയുണര്‍ത്തുന്നു 
എവിടെയൊളിക്കുന്നു നീ വെളിച്ചത്തിന്‍ കിരണമെത്തുമ്പോള്‍ 
ഭീരുക്കളെക്കാള്‍ ഭീരുവോ നീ അതോ
നീച ഹൃദയങ്ങള്‍ തന്‍ പ്രതിരൂപമോ 

എന്നു നീയെത്തിയെന്നെ തേടിയെന്നറിയില്ല 
ഒന്നു മാത്രം നിനക്കെന്‍റെ ഓര്‍മ്മയോളം പ്രായം 
ഞാന്‍ കുടിച്ച മുലപ്പാലില്‍ വളര്‍ന്നു നീ 
എന്റെയൊപ്പം കളിച്ചു നീ തിമിര്‍ത്തു 
ഏകാന്തതയില്‍  അപരനെ പോലെ നിന്നു നീ 
എന്നുടയവര്‍ പോലുമെന്‍ കൂടെയില്ലാത്ത നാള്‍ 

അലയായ്‌ വന്ന അഴലെന്‍ മിഴികളില്‍ 
അശ്രു വര്‍ഷമായി പെയ്തിറങ്ങിയ നേരം 
അറിയാതെ കരഞ്ഞുവോ... അതോ നീയുമെന്നെ  
അറിയില്ലെന്നു ചൊല്ലിയകന്നു പോയോ...

ഒരു ചരടില്‍ കോര്‍ത്തവരെങ്കിലും 
ഒരിക്കലും ഒന്നാവാത്തവര്‍ നാം 
വര്‍ണ്ണങ്ങള്‍ വാരി വിതറിയ മേലങ്കികള്‍ 
എന്‍ മേനിക്കു ഭൂഷണമായിട്ടും 
നിറമറ്റു  തന്നെയല്ലോ കാണ്മു ഞാന്‍ നിന്നെയെന്നും 
കാരണമേതുമാരാഞ്ഞു ഞാന്‍ 
കാരണഭൂതാനാം കാരുണ്യവാനോടു 
നിനക്കേകാന്‍ നിറമില്ല പോലും 
നീ അരൂപന്‍ ,അവര്‍ണ്ണന്‍ ..
പ്രതലമില്ലാത്ത പ്രതിബിംബമേ  
നീയെന്‍ നിഴല്‍ മാത്രമത്രേ .......!!

ഒരമ്മ തന്‍ മക്കളല്ല നാം എങ്കിലും 
നീയെന്‍ കൂടെ പിറപ്പു തന്നെ  .... !!!!