Friday, March 30, 2012

പട്ടിണി

കാലത്തിന്‍ നൂല്‍തലപ്പില്‍ കാത്തിരിപ്പിന്‍റെ ചൂണ്ടകെട്ടി 
സങ്കല്‍പ്പത്തിന്‍ മനോഹാരിത കൊണ്ടൊരു ഇരയിട്ടു 
സ്വര്‍ണ്ണമത്സ്യത്തിന്റെ വിശപ്പ്‌ കൊണ്ടോ എന്‍റെ 
വര്‍ണ്ണമാനസ കിതപ്പ് കൊണ്ടോ പൊങ്ങ് തടിയില്‍
ഇരവിഴുങ്ങി കൊരുത്ത പിടച്ചില്‍ സന്ദേശമെത്തി
ഉയര്‍ന്നു കരപൂണ്ട ചൂണ്ടതലപ്പില്‍ ചിരകാലത്തിന്‍
സ്മരണകള്‍ കൊണ്ടൊരു പ്രാണന്റെ തുടിപ്പ് മാത്രം
വെട്ടിപ്പിടിക്കലിന്‍ ശേഷിപ്പ് കൊണ്ട് നിറചുണ്ണാന്‍ കൊതിച്ചു
വാ പിളര്‍ന്ന കൂടമാനസം പിന്നയും പട്ടിണി നിറച്ചുണ്ണുന്നു

Tuesday, March 6, 2012

എനിക്ക് ചുറ്റുമൊരഗ്നിക്കളം നൃത്തം ചവുട്ടുന്നു
ചുടു നിശ്വാസങ്ങളില്‍ പോലും തീ പാറുന്ന നോവ്‌
കോരിയെടുക്കുന്ന കുളിര്‍ നീരുകള്‍ കുമ്പിളില്‍ തന്നെ
ചോര വാര്‍ന്നു മലച്ചൊരു ജീവന്‍ പോലെ ഓര്‍മ്മയായി

Friday, March 2, 2012

ഫെയര്‍ ആന്‍ഡ്‌ ലവ്ലി


കോളേജില്‍ നിന്നും പിരിഞ്ഞ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, ഒപ്പം പഠിച്ചിരുന്നു സുഹൃത്തിന്‍റെ കല്യാണത്തിന് കൂടാന്‍ ക്ഷണം കിട്ടി ..... കോട്ടയത്ത്‌ വച്ചായിരുന്നു കല്യാണം ..... അവിടുത്തെ ഒരു കോണ്‍വെന്റില്‍ ഞങ്ങള്‍ക്കെല്ലാം മുറി ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നും,ബാച്ചിലര്‍ പാര്‍ട്ടി ഉള്ളതുകൊണ്ട് ആള്‍റെഡി കെട്ടിയവര്‍ കെട്ട്യോളുമാരേം കുട്ട്യോളുമാരേം കൂട്ടി നേരെത്തെ വന്നു അവരെ അവന്‍റെ വീട്ടില്‍ ആക്കിയിട്ട് ഞങ്ങള്‍ കൂട്ടുകാര്‍ മാത്രം ആ കോണ്‍വെന്റില്‍  നിര്‍ബന്ധമായും താമസിക്കണം എന്ന് കത്തിനൊപ്പം പ്രത്യേകം പറഞ്ഞിരുന്നു ....... അന്ന് ആള്‍റെഡി കെട്ടിയവരുടെ കൂട്ടത്തില്‍ ഞാന്‍ മാത്രേ ഉള്ളൂ എന്നറിഞാതിനാലും, സുഹൃത്തിന്‍റെ 'നിഷ്കളങ്കത്വം' നേരെത്തെ അറിയാവുന്നത് കൊണ്ടും 'റിസ്ക്‌' ഒഴിവാക്കി ഞാനും ബാച്ചിലര്‍ ആയി ഈ കഥയിലെ നായകനൊപ്പം തലേന്ന് തന്നെ കോട്ടയത്തിനു പോയി ...... 

ഇനി ഇതിലെ നായകനെ കുറിച്ച് ..... ഞങ്ങള്‍ പ്രീ ഡിഗ്രി മുതല്‍ ഒരുമിച്ചു പഠിച്ചവരാണ് ..... കറുപ്പിന് എഴഴകാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുമ്പോഴും മാര്‍കെറ്റില്‍ ലഭ്യമായ എല്ലാ ഫേസ്ക്രീമുകളും പരമാവധി പരിശോധിച്ച് 'തോല്‍വി' സമ്മതിക്കാതെ ചര്‍മ്മ കാന്തിയില്‍ ശുഭ പ്രതീക്ഷയോടെ ലേപനങ്ങള്‍ പുരട്ടുന്ന വ്യക്തിത്വമാണ് ........ ഞങ്ങള്‍ ഒരുമിച്ചു എന്‍റെ ബൈക്കില്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു ...അവിടുന്ന് കോട്ടയം പാസഞ്ചറില്‍ പോകാനാണ് തീരുമാനിച്ചത് ...... ബൈക്കില്‍ കയറിയത് മുതല്‍ ഇടതടവില്ലാതെ സംസാരിക്കുന്ന ഇഷ്ടന്‍ ഇടയ്ക്കിടയ്ക്ക്  'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' വാങ്ങുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു ..... സ്റേഷനില്‍ ചെന്ന ശേഷം വാങ്ങാം എന്ന് ഞാന്‍ ഉറപ്പു കൊടുത്തു ......ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ അതെ ട്രെയിനില്‍ പോകാന്‍ വേണ്ടി മറ്റൊരു സുഹൃത്ത് നില്‍പ്പുണ്ടായിരുന്നു ...അവനെ കണ്ടപ്പോള്‍ തന്നെ ഗതകാല സ്മരണകള്‍ അയവിറത്തു തുടങ്ങിയതിനാല്‍ ഫെയര്‍ ആന്‍ഡ്‌ ലവ്ലി മറവിയിലേക്ക് കൂപ്പു കുത്തി .......

രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ഞങ്ങളെ കാത്ത് കല്യാണ പയ്യനും നേരെത്തെ എത്തിയ മറ്റ് സുഹൃത്തുക്കളും കാറുമായി നിന്നിരുന്നു ....അപ്പോഴും  ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഉണര്‍ന്നില്ല .......കൂട്ടുകാരന്‍റെ വീട്ടില്‍ പോയി അരമണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ കോണ്‍വെന്റില്‍ എത്തി റൂമുകള്‍ തെരഞ്ഞെടുത്തു .... ഞാനും നായകനും ഒരു മുറിയില്‍ ആയിരുന്നു ....ഡ്രസ്സ്‌ ഒക്കെ മാറി എല്ലാവരും കൂടി ഒരു മുറിയില്‍ ഒത്തു കൂടി കുപ്പികളുടെ കഴുത്തറുത്ത് ആറു വര്‍ഷം പുറകിലേക്ക് ഓര്‍മ്മകള്‍ ചികഞ്ഞു പരസ്പരം കളിയാക്കലുകള്‍ തുടങ്ങി ......സമയം ഒരുപാട് വൈകി കഴിഞ്ഞപ്പോഴാണ് നായകന്‍റെ മനസ്സില്‍ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയെ കുറിച്ചുള്ള ചിന്ത ഓടിയെത്തിയത് ...അതോടെ ആള് ആകെ തകര്‍ന്നു .....കുടിച്ച കെട്ട് മൊത്തം ഇറങ്ങി ..... എന്നോടല്ലാതെ ആരോടും പറയാനും വയ്യാത്ത അവസ്ഥ ..... കാരണം അന്ന് ഏറ്റവും കൂടുതല്‍ 'ഓര്‍മ്മകളുടെ പീഡനം' അനുഭവിച്ചത് അവനായിരുന്നു ......ഒടുവില്‍ , രാവിലെ ചായ കുടിക്കാന്‍ പുറത്തു പോകുമ്പോള്‍ നമുക്ക് വാങ്ങാം എന്ന് ഞാന്‍ ഉറപ്പു നല്‍കിയതിനാലാണ് എന്നെ ഉറങ്ങാന്‍ സമ്മതിച്ചത് ...... അവന്‍ ഉറങ്ങിയെന്നു എനിക്ക് തോന്നുന്നില്ല ...:)

പിറ്റേന്ന് രാവിലെ ഏഴു മണി ആയപോള്‍ ഞങ്ങള്‍ ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങി ..... കോണ്‍വെന്റിന് അടുത്ത് ഒരു പെട്ടിക്കടയില്‍ ചായ കിട്ടും എന്ന് സുഹൃത്ത്‌ പറഞ്ഞു ... ഞങ്ങള്‍ പത്തോളം സുഹൃത്തുക്കള്‍ അങ്ങോട്ട്‌ പോയി . ...... തലേന്ന് രാത്രിയില്‍ പരസ്പരം കളിയാക്കിയവര്‍ ഓര്‍മ്മകള്‍ തെരഞ്ഞ് പിന്നെയും ആ 'പീഡനം' തുടര്‍ന്ന് കൊണ്ടേയിരുന്നു ..... ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുടെ ആശങ്കയില്‍ നമ്മുടെ നായകന്‍ വിഷണ്ണനാണ് ..... ആ കടയുടമ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു ...... ചായ ഒഴിച്ച് തരുന്നതിനോപ്പം പുള്ളിക്കാരനും ഞങ്ങള്‍ക്കൊപ്പം തമാശകള്‍ പറയാന്‍ തുടങ്ങി ......ഞങ്ങളും അത് ആസ്വദിച്ചു ..... നായകന്‍റെ നിര്‍ബന്ധ പ്രകാരം ഞാന്‍ കടയുടമയോട് ചോദിച്ചു ....."ചേട്ടാ 'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' ഉണ്ടോ ...?" .... പുള്ളി മറുപടി പറഞ്ഞു ...."ഉണ്ടല്ലോ ..ആര്‍ക്കാ ..?" ഞാന്‍ തമാശയായി പറഞ്ഞു .... "ദേ ..ഇവിടോരാള്‍ക്ക്  ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഇല്ലാത്തോണ്ട് ചായ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു നായകനെ ചൂണ്ടി കാണിച്ചു ....... ആ കടക്കാരന്‍ ഉടന്‍ തന്നെ പെട്ടിക്കടയില്‍ നിന്നും പുറത്തിറങ്ങി .... ഞങ്ങളുടെ അടുത്ത് വന്നു റോഡില്‍ രണ്ടു സൈഡിലും നോക്കി ....എന്നിട്ട് പെട്ടന്ന് കടയുടെ അകത്തേക്ക് കയറി എന്തോ എടുത്ത് പൊതിഞ്ഞു എന്നിട്ട് പിന്നെയും ചുറ്റും നോക്കിയാ ശേഷം നായകന്‍റെ കയ്യില്‍ കൊടുത്തിട്ട്  പറഞ്ഞു "വേഗം കൊണ്ട് പോക്കോണം ... ഇവിടെ നില്‍ക്കരുത് ".... ഞങ്ങള്‍ എല്ലാരും അത്ഭുതപ്പെട്ടു .... ഞാന്‍ വേഗം പൊതി വാങ്ങി തുറന്നു നോക്കി ...ഫെയര്‍ ആന്‍ഡ്‌ ലവ്ലി തന്നെ ...... പെട്ടന്ന് എല്ലാവരും ചോദിച്ചു ..."എന്താ ചേട്ടാ ..ഇതിവിടെ വില്‍ക്കാന്‍ പാടില്ലേ ..? " 

കടക്കാരന്റെ മറുപടി .... " അതേ ...ഈ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുടെ സെയില്‍സ്‌ റെപ്. ഈ റൂട്ടില്‍ രാവിലെ തന്നെ വരും .... ഈ 'സുന്ദരന് ' ഞാനിതു വില്‍ക്കുന്ന കണ്ടാല്‍ അവന്മാര്‍ പിന്നെ ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഇവിടെ വയ്ക്കില്ല ...." ഇതും പറഞ്ഞു ആ കടക്കാരന്‍ നായകനെ ചേര്‍ത്തു പിടിച്ചു പൊട്ടിച്ചിരിച്ചു ....... ഞങ്ങള്‍ അവിടുന്ന് തുടങ്ങിയ 'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' ചിരി എത്ര ദിവസം നീണ്ടു എന്ന് ഇപ്പഴും ഓര്‍മ്മയില്ല ....!!!!

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ നായകന്‍ ആംവേയുടെ ഫേസ് ക്രീമിനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു ..... :))))