Friday, July 20, 2012

വിലയം

അനന്തതയുടെ മൌനസാഗരത്തി-
ന്നാഴമളന്നു കുതിച്ചുയര്‍ന്നീടുവാനായി
കബന്ധങ്ങളഴിച്ചാഴ്ന്നിറങ്ങിയൊരു 
പരലുപ്പു പാവപോലെയീ ജ്ഞാനക്ക- 
ടലിന്നഗാധ നിത്യ സത്യത്തില്‍ മുങ്ങി,
നിവരാതെയലിഞ്ഞതിന്‍ അലകളിലെ-
വിടെയോ അലിഞ്ഞു ചേര്‍ന്നു ഞാനും 

സുഖദുഃഖസമ്മിശ്രതീരത്തെ ചെറുതരി 
തഴുകുന്ന തിരകളിലുയരുന്നോരായിരം 
നുരപതയുന്ന നിറമിതു പാര്‍ത്തീടില്‍ 
അഴലേതു ചിരിതന്‍ നിഴലേതെന്നറിവ് 
കഴിവിലേറ്റം വലിയവനു പോലുമന്യമാ-
കുംമീ തിരയെണ്ണി തീര്‍ക്കുന്ന കാലത്തെ-
യോര്‍ത്ത് കരയുന്ന ഞാനെത്ര മണ്ടന്‍ .

Monday, July 16, 2012

ആത്മനിരീക്ഷണം

ഇന്നലെ ഞാന്‍ എന്‍റെ ഉറക്കത്തെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു ..... ഉറക്കത്തില്‍ ഞാന്‍ എപ്പോള്‍ എത്തുന്നു എന്നും ഉറങ്ങി തുടങ്ങുമ്പോള്‍ ഞാന്‍ എന്തൊക്കെയാണ് ചെയ്യുക എന്നും അറിയാന്‍ വേണ്ടി ബോധപൂര്‍വ്വമായ ഒരു ഉറക്കത്തിനു തയ്യാറെടുത്തു ...... പതിവുകള്‍ ഒന്നും തെറ്റിക്കാതെ തന്നെ കൃത്യ സമയത്ത് കിടന്നു .... ലൈറ്റ് ഓഫ് ചെയ്ത ശേഷം മുറിയില്‍ മുഴുവന്‍ ഒന്ന് നിരീക്ഷിച്ചിരുന്നു ..... പുറത്തു കത്തി കിടക്കുന്ന ലൈറ്റിന്റെ വെളിച്ചം കതകിന്റെ അടിയില്‍ കൂടി അല്പം അകത്തേക്ക് കടന്ന് മുറിയില്‍ ഒരു അരണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് ...... ഏ.സി.യുടെ മൂളല്‍ ഉണ്ട് ...... വൈകുന്നേരം അടിച്ച റൂം ഫ്രഷ്‌നറിന്റെ നേര്‍ത്ത മണമുണ്ട് .... പുതയ്ക്കേണ്ട തണുപ്പുണ്ട് ..... കിടക്കുന്നതിനു തൊട്ടു മുന്പ് കുടിച്ച രുചിയില്ലാത്ത തണുത്ത വെള്ളത്തിന്റെ കണങ്ങള്‍ വായില്‍ തന്നെയുണ്ട് ..... എല്ലാ ഇന്ദ്രിയങ്ങളും ജാഗ്രതയോടെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ പുതപ്പിനടിയില്‍ ഉറക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് നിവര്‍ന്നു കിടന്നു ...... 

വലതു കരം മുട്ടില്‍ കുത്തി മുകളിലേക്ക് ഉയര്‍ത്തി വച്ചു .... അറിയാതെ ഉറക്കം വന്നാല്‍ അത് താഴേക്കു തനിയെ വീഴും എന്നറിയാം ..... അങ്ങിനെ ഉറങ്ങരുത് എന്ന തീരുമാനമാണ് കൈകളെ ഉയര്‍ത്തി വയ്ക്കാന്‍ പ്രേരിപ്പിച്ചത് ..... ഉറക്കത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത ....... എങ്ങിനെ ഉറങ്ങണം ...... ഉറങ്ങാന്‍ എന്ത് ചെയ്യണം .....ഇങ്ങനെ ചിന്തിച്ചു കുറെ നേരം കിടന്നു .... അരണ്ട വെളിച്ചം കാണുന്നുണ്ട് .... ഏ.സി.യുടെ മൂളല്‍ കേള്‍ക്കുന്നുണ്ട് , രുചിയില്ലാത്ത വെള്ളത്തിന്റെ രുചി അറിയുന്നുണ്ട് ,പുതപ്പിന് വെളിയില്‍ ഉള്ള ശരീര ഭാഗത്ത് തണുപ്പ് അറിയുന്നുണ്ട് ..... മുറിയില്‍ അപ്പോഴും നേര്‍ത്ത സുഗന്ധമുണ്ട് ........ ഇന്ദ്രിയങ്ങള്‍ അപ്പോഴും സാധാരണ പോലെ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു ........ ആദ്യം ഞാന്‍ കണ്ണുകള്‍ അടച്ചു ...... ഇപ്പോള്‍ എനിക്ക് ഇരുട്ട് കാണാം .... എസിയുടെ മൂളല്‍ കേള്‍ക്കാം, രുചിയറിയാം,തണുപ്പറിയാം, ഗന്ധം അറിയാം ....... കണ്ണുകള്‍ അടഞ്ഞിരിക്കുന്നുവെങ്കിലും ആ മുറിയില്‍ ഇപ്പോള്‍ എന്തൊക്കെ ഉണ്ടെന്നു ഞാന്‍ മനസ്സില്‍ കാണുന്നു ......

പതുക്കെ ഞാന്‍ എന്‍റെ ശ്രദ്ധ ശരീരത്തിലേക്കാക്കി....... കാലുകളും ഇടതു കരവും നിവര്‍ത്തി വച്ച്, വലതുകരം മുട്ടില്‍ കുത്തി ഉയര്‍ത്തി നിര്‍ത്തി നീണ്ടു നിവര്‍ന്നു കിടക്കുന്നു ... ആകാംഷ കൊണ്ടാകാം ഹൃദയം പതിവില്‍ കൂടുതല്‍ വേഗത്തില്‍ മിടിക്കുന്നതായി തോന്നി .... ശരീരം മുഴുവന്‍ ഒരു ബന്ധനാവസ്ഥയും ......... വലതു കരം കൂടി ഞാന്‍ നിവര്‍ത്തി വച്ചു.... ദീര്‍ഘമായി ഒന്ന് ശ്വസിച്ചു .... പിന്നെ വലതു വശത്തേക്ക് ചരിഞ്ഞു കിടന്നു .....ഇടതു കൈ വലതു കയ്യോടു ചേര്‍ത്തു വച്ച് മുഖത്തോടു അടുപ്പിച്ചു വച്ചു ...... കുറച്ചു സമയം കൂടി അങ്ങിനെ കിടന്നപ്പോള്‍ ശരീരം അയയുന്നതായി അനുഭവപ്പെട്ടു ...... ഹൃദയമിടിപ്പിന്റെ വേഗത കുറയുന്നതായി തോന്നി ....... സ്വാസ വേഗം വളരെ പതുക്കെയായി ......ശ്വസോച്ച്വാസ ദൈര്‍ഘ്യം കൂടി ...... എസിയുടെ മൂളല്‍ കേള്‍ക്കുന്നില്ല ...... രുചികള്‍ ഒന്നും അറിയുന്നില്ല ..... റൂം ഫ്രെഷ്നറിന്റെ മണം അറിയുന്നില്ല .... തണുപ്പും ചൂടും അറിയുന്നില്ല ......പക്ഷെ ഞാന്‍ ഉറങ്ങിയിട്ടില്ല ...... 

പതിയെ ഞാന്‍ എന്‍റെ ശരീരത്തിന് ഉള്ളിലേക്ക് കടന്നു......ഇന്ദ്രിയങ്ങളുടെ അകത്തെ വാതിലുകളില്‍ നിന്നും ഓരോ നേര്‍ത്ത പ്രകാശം ഹൃദയത്തിന് ഉള്ളിലേക്ക് പതിയെ പതിയെ ഉള്‍വലിയുന്നതായി കാണുന്നു ..... കണ്ണിന്റെയും കാതിന്റെയും മൂക്കിന്റെയും നാവിന്റെയും ത്വക്കിന്റെയും അകത്തെ അറ്റത്തു നിന്നും പതിയെ ആ വെളിച്ചം അപ്രത്യക്ഷമായി ..... ഇപ്പോള്‍ ആ വെളിച്ചങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു ഹൃദയത്തിനു നടുക്ക് ഒരു വൃത്തം സൃഷ്ടിക്കുന്നു ...... ആ വൃത്തത്തിനുള്ളില്‍ അതിന്റെ ഒത്ത നടുക്കായി മറ്റൊരു പ്രകാശ ബിന്ദു ഉയര്‍ന്നു വരുന്നു .....അത് വളരെ വേഗത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നു ...... അത് ആ വൃത്തത്തോളം വലുതായി കഴിഞ്ഞപ്പോള്‍ അതില്‍ നിന്നും എന്‍റെ ശരീരത്തിന് വെളിയിലേക്ക് ത്രിമാന രൂപത്തില്‍ ദൃശ്യങ്ങളായി എനിക്ക് ചുറ്റും രൂപപ്പെട്ടു ...... അതില്‍ അവ്യക്തമായി ചില രൂപങ്ങള്‍ കണ്ടു തുടങ്ങി ..... പിന്നെ അതിനു വ്യക്തത വന്നു ..... ഞാന്‍ പലപ്പോഴായി കാണുകയും കേള്‍ക്കുകയും ഭാവിക്കുകയും ഒക്കെ ചെയ്ത കാര്യങ്ങള്‍ ദൃശ്യ രൂപത്തില്‍ തെളിയുന്നു ..... അതെ ,,,, ഞാന്‍ സ്വപ്നം കാണുകയാണ് ....... അതില്‍ കണ്ട എല്ലാ രംഗങ്ങളിലും ഞാന്‍ ഉണ്ടായിരുന്നു ..... ആ ദൃശ്യങ്ങളില്‍ ചിലത് എന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി ..... എന്‍റെ മുഖത്തു ഭാവ മാറ്റങ്ങളെ സൃഷ്ടിച്ചു ..... എന്‍റെ കൈകാലുകളെ ചലിപ്പിച്ചു ....... ഞാന്‍ തിരിച്ചറിയുന്നു ..... ഞാന്‍ ഉറങ്ങിയിട്ടില്ല ....!!!

പതിയെ ആ ദൃശ്യങ്ങള്‍ അവ്യക്തമാകാന്‍ തുടങ്ങി ......ആ വെളിച്ചം എന്‍റെ ശരീരത്തിന് വെളിയില്‍ നിന്നും തിരികെ ഇന്ദ്രിയകവാടങ്ങളില്‍ നിന്നും വന്ന വെളിച്ചങ്ങള്‍ തീര്‍ത്ത വട്ടത്തിലേക്ക് ചുരുങ്ങി ..... ഹൃദയമിടിപ്പും കൈകാലുകളുടെ നിലയും പഴയപോലെയായി ....... ആ വെളിച്ചം അപ്പോഴും അതിശക്തമായി തന്നെ കറങ്ങികൊണ്ടിരുന്നു ....പതുക്കെ ആ വൃത്തം ചെറുതാവാന്‍ തുടങ്ങി ........ ഇന്ദ്രിയ കവാടങ്ങളില്‍ നിന്നും വന്ന വെളിച്ചം ആ വൃത്തത്തിന്റെ കേന്ദ്രബിന്ദുവില്‍ ഉള്ള വെളിച്ചത്തിലേയ്ക്കു ചുരുങ്ങുന്നതായി കണ്ടു ......... ഒരു നേര്‍ത്ത പൊട്ടു മാത്രമായി ആ വെളിച്ചം ഹൃദയത്തിന് ഉള്ളിലേക്ക് പോയി .......എനിക്ക് ചുറ്റും ഇരുട്ട് പടര്‍ന്നു .......ചിലപ്പോള്‍ ഞാന്‍ ആ ഇരുട്ടില്‍ ലയിച്ചു പോയിട്ടുണ്ടാകാം ..... കാരണം പിന്നെ ഞാനൊന്നും അറിയുന്നുണ്ടായിരുന്നില്ല ....... കാലമോ ,ദേശമോ, സമയമോ ബാധിക്കാത്തെ ഏതോ ഒരു ലോകത്തേക്ക് ഞാന്‍ മറഞ്ഞു പോയി ........ പക്ഷെ അപ്പോഴും ഞാന്‍ ഉറങ്ങിയിട്ടില്ല ..... !!!

ഉള്ളില്‍ പെട്ടെന്നൊരു പ്രഭ ഉണ്ടാകുന്നു ......ഹൃദയത്തില്‍ നിന്നും ഒരു പ്രകാശ ബിന്ദു ഉയര്‍ന്നു വന്നു ..... അതിശക്തമായി കറങ്ങുന്ന ആ വെളിച്ചം ഒരു വൃത്തം സൃഷ്ടിച്ചു .... ആ വൃത്തം എനിക്ക് ചുറ്റുമുള്ള ഇരുട്ടിനെ അകറ്റി ....അതില്‍ നിന്നും ഒരു നേര്‍ത്ത വെളിച്ചം കാതിന്റെ കവാടത്തിന്റെ ആന്തരിക അഗ്രത്തിലേക്ക് നീണ്ടു പോകുന്നു ..... അതാ എന്‍റെ കാതിന്റെ കവാടം തുറക്കുന്നു ..... അതില്‍ കൂടി ഏതോ ഒരു ശബ്ദ തരംഗം കടന്നു വരുന്നു .....എന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി .... രക്തധമനികളില്‍ കൂടി അതിവേഗതയില്‍ സന്ദേശങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി ...... ആ പ്രകാശ വലയത്തില്‍ നിന്നും മറ്റൊരു നേര്‍ത്ത വെളിച്ചം എന്‍റെ കണ്ണുകളുടെ ആന്തരിക കവാടത്തെ ലക്ഷ്യമാക്കി പാഞ്ഞു ..... എന്‍റെ ശരീരം കണ്ണ് തുറന്നു ..... അതില്‍ കൂടി ഒരു വെളിച്ചം അകത്തേക്ക് കടന്നു ...... ആ വെളിച്ചത്തെ കണ്ട മാത്രയില്‍ പ്രകാശ വലയത്തില്‍ നിന്നും മറ്റൊരു രശ്മി എന്‍റെ ത്വക്കിന് ചുറ്റും ജ്വലിച്ചു നില്‍ക്കാന്‍ തുടങ്ങി .... എന്‍റെ ഇടതു കൈ പ്രവര്‍ത്തിക്കാന്‍ തുടങ്ങി .... ഞാന്‍ എന്തോ ഒരു വസ്തു എടുത്തു ..... അതില്‍ എന്‍റെ ശരീരം ഇപ്പോള്‍ നിലനില്‍ക്കുന്ന കാലത്തെയും സമയത്തെയും ബോധിപ്പിക്കുന്ന അറിയിപ്പ് വന്നിരിക്കുന്നു ..... അതെ എന്‍റെ മൊബൈലില്‍ അലാറം അടിക്കുന്നു ...... ഞാന്‍ ഉണരുന്നു .... ജാഗ്രതയിലേക്ക് ഉണരുന്നു .....!!!!

Friday, July 6, 2012

പരിചയപ്പെടല്‍


ട്രെയിന്‍ യാത്രയില്‍ രണ്ടുപേര്‍ മുഖാമുഖം ഇരുന്നു യാത്ര ചെയ്യുന്നു  ഒരാള്‍ മുന്നിലേക്കും മറ്റൊരാള്‍ പിന്നിലേക്കും ...... മുന്നിലേക്ക്‌ യാത്ര ചെയ്യുന്നവന്‍ എതിരെ ഇരിക്കുന്നവനോട് ചോദിച്ചു ..
"എന്താ പേര് ?"
നിസ്സംഗമായ ഒരു പുഞ്ചിരിയില്‍ പേരോതുങ്ങി
കൌതുകത്തോടെ അടുത്ത ചോദ്യം
"എങ്ങോട്ടാ യാത്ര ?"
ഭാവഭേദമില്ലാതെ നോട്ടം ജനാലയ്ക്കു വെളിയിലേക്ക് നീണ്ടപ്പോള്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
"എങ്ങോട്ടാണ് യാത്ര ?"
ഇത്തവണ അയാള്‍ മറുപടി നല്‍കി ....
"എല്ലാ ഉത്തരങ്ങള്‍ക്ക് മുന്നിലും എന്‍റെ ഭൂതകാലം ഒരു ചോദ്യ ചിഹ്നം പോലെ നില്‍ക്കുന്നു "

Tuesday, July 3, 2012

ഞാന്‍ ഗന്ധര്‍വ്വന്‍


അവള്‍ , 
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ പവിത്ര ചര്‍മ്മം പൊട്ടാത്ത
നിര്‍മ്മല സൗന്ദര്യത്തിന്‍ സുഗന്ധമുള്ള വിശുദ്ധ കന്യക
കേവല സ്വപ്നങ്ങളുടെ അപഥ സഞ്ചാര ചുഴിയില്‍ പെട്ട്
അഹംബോധത്തിന്‍റെ പാപ ബീജത്തെ എല്ക്കാത്തവള്‍
ക്ഷണിക ജന്മത്തിന്‍ വ്യര്‍ത്ഥ മോഹങ്ങളുടെ ഗര്‍ഭം പേറി
അധര്‍മ്മ സങ്കല്‍പ്പത്തിന്നപമൃത്യുവിനു ജന്മമേകാത്തവള്‍
അഭൌമ സൌന്ദര്യത്തിന്‍ പുണ്യ തീര്‍ഥകുടങ്ങള്‍ നിറയെ
ആഭിചാരത്തിന്‍ തേന്‍ പുരട്ടിയ വിഷം ചുരത്താത്തവള്‍
അവള്‍ ,അഗ്നിശുദ്ധിയില്‍ അഴകുവിടര്‍ത്തിയ നാകസുന്ദരി

ഞാന്‍ ,
നുരഞ്ഞു പതയും തിരകള്‍ തലോടിയ മണല്‍ തരികളുടെ
നനവിലാഴ്ന്നു മറഞ്ഞ ശില്പ്പത്തില്‍ തറഞ്ഞു പോയവന്‍
കര്‍മ്മദോഷം ശാപമായി പേറി ശിഷ്ട ജന്മമോക്ഷം തേടി
പൃഥ്വിതന്‍ മാറിലേക്കഭീഷ്ടമെന്യേ പിറവികൊണ്ടവന്‍ .
പൊയ്മുഖങ്ങളില്‍ പിറവിയെടുത്ത വാക്കുകളുടെയാത്മാവിന്
ശ്രാദ്ധകര്‍മ്മം നടത്തുവാന്‍ സത്യം തിരഞ്ഞു പോയവന്‍
ഞാന്‍, അനുനിമിഷം  ആത്മഹത്യ ചെയ്യുന്ന വെറും ഭീരു .

ഇതു ഗന്ധര്‍വയാമം ,
ഏതോ തിരയിലുണര്‍ന്ന തരികളൊഴിഞ്ഞു മാറിയ നൊടിയി-
ലവളുടെ മിഴികള്‍ പതിച്ചതെന്‍ നനയുമുടലിന്നുള്ളിലെരിയുമാ-
ത്മാവിന്‍ ഇരുളുവീണുടയാത്ത ചെറിയ പളുങ്ക് ചെപ്പിന്നുള്ളില്‍ -
മിന്നി തിളങ്ങുമെന്‍ പ്രതീക്ഷയുടെ ഭ്രാന്ത മനസ്സിന്‍ ചിപ്പിയില്‍ .
വിധി നിയോഗത്തിന്‍ കാലയവനികയില്‍ നിന്നെത്തിയ കര
തലോടലില്‍ മോക്ഷം നേടിയെന്നാത്മാവ് സ്വതന്ത്രമായ്‌ -
വെണ്‍നിലാവിലലിഞ്ഞ യാമം, ഇതു ഗന്ധര്‍വ യാമം .

ഒരു പാലപ്പൂവിന്‍ മാദക ഗന്ധമായ്‌  അവളുടെ കിനാവിന്‍
നസ്വാരന്ധ്രങ്ങളില്‍ നിത്യ വിസ്മയങ്ങള്‍ നിറച്ചു നില്‍ക്കും -
ഞാന്‍ ഗന്ധര്‍വ്വന്‍ .

Sunday, July 1, 2012

ഒരേമഴ


വരണ്ട പാടത്ത്  കരിഞ്ഞ കനവുകള്‍  
വിയര്‍പ്പു നനച്ചു വിളവിനിട്ടവന് 
ഇരുണ്ടരാവിലെ നിലാവ് പോലീ മഴ 

തെളിഞ്ഞ വാനം നോക്കി തെരുവിനോരത്തു 
ചെരുപ്പുകുത്താനിരുന്നവന്റെ വരവ് കാക്കും 
വിശന്ന വയറുകള്‍ക്ക്‌ കൂരിരുള്‍ പോലീ  മഴ