Monday, February 27, 2012

ഒരു പ്രീഡിഗ്രീ അനുഭവം ....

ഞാന്‍ ശാസ്താംകോട്ട ദേവസ്വം ബോഡ് കോളേജില്‍ പ്രീടിഗ്രിക്ക് പഠിക്കുമ്പോള്‍ അവിടെ ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു കൂട്ടം 'ഡീസന്റ്' ചേട്ടന്മാര്‍ ഉണ്ടായിരുന്നു .....ശാസ്താംകോട്ട സ്വദേശികളായ അവര്‍ 'സാത്താന്‍ ' എന്ന പേരില്‍ അവര്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കായലോരത്തും കോളേജ് ഗ്രൌണ്ടിലുമായി കലാലയ ജീവിതം ആസ്വദിക്കുക ആയിരുന്നു ..... വളരെ അടുത്ത ഒരു ബന്ധു ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ അവര്‍ക്കൊപ്പം കൂടി നിന്നത് റാഗിങ്ങില്‍ നിന്നും രക്ഷപെടാന്‍ ഉപകരിച്ചു ..... ഒരിക്കല്‍ ഒരു സീനിയര്‍ 'അണ്ണന്‍' എന്നേ കൊണ്ട് ക്ലാസ്സില്‍ കഥകളി കളിപ്പിച്ചു ..... ആ അണ്ണനെ കോളേജ് മുതല്‍ ബസ് സ്റാന്റ്റ് വരെ 'സാത്താന്‍ ' നൃത്തം ചവുട്ടിച്ചു .....അതിനു ശേഷം സാത്താന്റെ ആളാണ്‌ എന്ന് പറഞ്ഞാല്‍ പിന്നെ ഒരുത്തനും റാഗ് ചെയ്യില്ലായിരുന്നു ...... :)  


അങ്ങിനെ പ്രീ ഡിഗ്രി ആദ്യ വര്‍ഷത്തെ മോഡല്‍ പരീക്ഷ വന്നു .... അത് വെറുമൊരു പ്രഹസനം ആയിട്ടാണ് സാത്താന്‍ ഗ്രൂപ്പ് കണ്ടിരുന്നത്‌ .... എങ്കിലും പരീക്ഷയ്ക്ക് അറ്റന്‍ഡ് ചെയ്യണം എന്ന് നിര്‍ബന്ധം ഉള്ളതിനാല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു ...... ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം ആയിരുന്നു പരീക്ഷ ..... രണ്ടു ഡിഗ്രിക്കാര്‍ക്കിടയില്‍ ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന രീതിയില്‍ ആയിരുന്നു സീറ്റിംഗ് ..... എല്ലാവരും നേരെത്തെ എക്സാം ഹാളില്‍ കയറി എന്‍റെ ബഞ്ചില്‍ ഇടതു വശത്തുള്ള ആള്‍ മാത്രം ഇല്ല ..... ആ ക്ലാസ്സില്‍ സാത്താന്‍ അംഗങ്ങള്‍ ആരെയും കണ്ടതുമില്ല ..... രണ്ടു മണി കഴിഞ്ഞു ....എല്ലാവര്കും ചോദ്യപ്പേപ്പര്‍ കിട്ടി കഴിഞ്ഞപ്പോള്‍ ഒരാള്‍ ക്ലാസ്സിന്റെ വാതുക്കല്‍ എത്തി വളരെ ഭവ്യതയോടെ അധ്യപകനോട് ചോദിച്ചൂ .... "മേ ഐ കമിന്‍ സാര്‍ ?" ..... അധ്യാപകന്‍ തിരികെ ചോദിച്ചു " ഇവിടെയാണോ സീറ്റ് ?" .... അതേ എന്ന് പറഞ്ഞുകൊണ്ട് എന്‍റെ ഇടതു വശത്തെ ഒഴിഞ്ഞ സ്ഥലം ചൂണ്ടി കാണിച്ചു ..... അപ്പോഴാണ് ഞാന്‍ ആളെ നോക്കിയത് ....സാത്താന്റെ ഫൌണ്ടര്‍ ...:))) ആള് അടിമുടി മാറിയിരിക്കുന്നു .....കറുത്ത പാന്‍സ്‌ ,വെളുത്ത ലൈന്‍ ഷര്‍ട്ട് ... അതും ഇന്ഷര്ട്ട് ചെയ്തിരിക്കുന്നു ..... കഴുത്തില്‍ ചുവന്ന ടൈ ...:) അടുത്ത് വന്നപ്പോള്‍ ചിരി അടക്കി കൊണ്ട് മുഖത്ത് നോക്കിയപ്പോള്‍ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ നിഷ്കളങ്കന്‍ .... അദ്ധ്യാപകന്‍ ചോദിച്ചു .."എന്താ വൈകിയത് " ? ...."പെന്‍ എടുക്കാന്‍ മറന്നു പോയി സാര്‍ ... പുറത്തു പോയി വാങ്ങി കൊണ്ടുവന്നതാ" എന്നും പറഞ്ഞ് പോക്കെറ്റ്‌ കാട്ടി കൊടുത്തു ..... അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത് ഷര്‍ട്ടിന്റെ പോക്കെറ്റില്‍ എട്ടു റെയ്നോള്‍ഡ്സ് പേനകള്‍ നിരത്തി വച്ചിരിക്കുന്നു ...... മനുഷ്യന്‍ ഒരു ദിവസം കൊണ്ട് ഇത്രേം നന്നാവുമോ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല ... :)) ആള് എന്നേ കണ്ടിട്ട് അറിയുന്ന ഭാവം പോലുമില്ല .... ചോദ്യപെപര്‍ കൊടുത്തപ്പോള്‍ അധ്യാപകന്റെ കാലു തൊട്ടു തൊഴുതു ...... അപ്പോള്‍ തന്നെ ക്ലാസ്സില്‍ ഭയങ്കര ചിരി ആയി ....എല്ലാവരും ആളെ തന്നെ ശ്രദ്ധിക്കുന്നു .... ചോദ്യ പേപര്‍ വളരെ ഗഹനമായി വായിക്കുന്നു ..... എന്നിട്ട് എന്തിന്റെയൊക്കെയോ ഉത്തരം പെട്ടെന്ന് ഓര്‍മ്മ വന്നപോലെ .... ചിലതില്‍ സംശയ ഭാവം അങ്ങിനെ പല പല ഭാവങ്ങള്‍ മുഖത്ത് മിന്നി മറഞ്ഞു .... ഒടുവില്‍ ഉത്തര കടലാസ് എടുത്തു വച്ചു എഴുതാന്‍ തുടങ്ങി ...... 


ആദ്യം പോക്കെറ്റില്‍ നിന്നും ഒരു പേന എടുത്തു ഭാവമാറ്റം ഒന്നുമില്ലാതെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആ പേന തെളിയുന്നില്ല ..... അത് മാറ്റി വച്ചിട്ട് അടുത്തത്‌ എടുത്തു ....അതും തെളിയുന്നില്ല ..... അങ്ങിനെ ആ എട്ടു പേനകളും എടുത്തു പേപ്പറില്‍ കുത്തി വരച്ചു നോക്കി ..ഡിസ്കില്‍ കോറി നോക്കി ...അവസാനം താഴെ സിമന്റു തറയില്‍ പേനയുടെ മുന ഉരച്ചു വരെ നോക്കി .... നോ രക്ഷ .... :))) എഴുന്നേറ്റു നിന്നിട്ട് അധ്യാപകനോട് ....."സാര്‍ ഒരു പേന തരുമോ ..? " ..... ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു ..... ഇതെല്ലം കാണുന്നുണ്ടായിരുന്ന അദ്ധ്യാപകന്‍ ഒന്നും പറയാതെ ഒരു പേന കൊടുത്തു ......പക്ഷെ പിന്നീടു പുള്ളിയെ അദ്ധ്യാപകന്‍ നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..... കുറച്ച് നേരം പ്രശ്നങ്ങള്‍ ഒന്നുമില്ല ...ഉത്തര പേപ്പറില്‍ വളരെ കാര്യമായി എഴുതുന്നുണ്ട് ..... അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂന്നാല് പേപ്പറുകളില്‍ കാര്യമായി എന്തൊക്കെയോ എഴുതിയിട്ടുണ്ട് ...... അടുത്ത പേപര്‍ എടുത്തു വച്ചത് മുതല്‍ ആള്‍ക്ക് ചെറിയ ഭാവ മാറ്റം ..... ചുറ്റും നോക്കുന്നു .... പുറത്തേക്ക് നോക്കുന്നു ....സാറിനെ നോക്കി ചിരിക്കുന്നു ..... എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍ ഒന്നും അറിയാത്ത പോലെ എഴുതാന്‍ തുടങ്ങി .... ഇടയ്ക്ക് ചുരുട്ടി പിടിച്ച ഇടതു കയ്യുടെ ഉള്ളം കയ്യില്‍ നോക്കുന്നു ...ചുറ്റും നോക്കിയ ശേഷം പിന്നെയും എന്തൊക്കെയോ എഴുതുന്നു ..... രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ അദ്ധ്യാപകന്‍ അടുത്തു വന്നു ..... ഇടതു കയ്യില്‍ പിടിച്ചു ....സാത്താന്‍ കൈ മുറുക്കി പിടിച്ചു .... അദ്ധ്യാപകന്‍ - "കൈ തുറക്കൂ...ഇതിനു പോലും കോപി അടിക്കുന്നോ ...? " സാത്താന്‍ - "തുറക്കില്ല ... ഞാന്‍ കോപി അടിച്ചിട്ടില്ല " അദ്ധ്യാപകന്‍ - "തുറക്കൂ ....ഇല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല " സാത്താന്‍ - "തുറന്നാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സാറിനാണ്..... ഞാന്‍ കോപി അടിചെങ്കില്‍ മാത്രമേ എന്നേ പുറത്താക്കാവൂ " അദ്ധ്യാപകന്‍ - "ശരി ...തുറക്കൂ " സാത്താന്‍ കൈ തുറന്നു എല്ലാവരെയും കാണിച്ചു ...... " ഈ കൈ തുറപ്പിച്ചവന്‍ കഴുത" ക്ലാസ്സില്‍ ഭയങ്കര പൊട്ടിച്ചിരി ...... ഇറക്കി വിടാന്‍ വകുപ്പില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണോ അതോ ഇറക്കി വിട്ടാല്‍ ശാസ്താംകോട്ട ജമ്ഷനില്‍ കൂടി തന്നെ തനിക്കും പോകേണ്ടതാണ് എന്ന ഭയം കൊണ്ടാണോ എന്തോ ...ആ കൂട്ടച്ചിരിയില്‍ അധ്യാപകനും പങ്കെടുത്തു ...... പ്രശ്നമാക്കാതെ ആ പ്രശ്നം സോള്‍വ് ചെയ്തു .... :)))  


വര്‍ഷങ്ങള്‍ക്കു ശേഷം ഈ സാത്താന്‍ ഫൌണ്ടറെ ഞാന്‍ ബസില്‍ വച്ചു കണ്ടു ....ആള് ഇപ്പോള്‍ ഒരു ഹൈ സ്കൂളില്‍ അധ്യാപകനാണ് .....[എങ്ങിനെ സംഭവിച്ചു എന്ന് എനിക്കും അറിയില്ല ] എന്തായാലും ജോലിയെ കുറിച്ചു ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞ മറുപടി ..... "ഈശ്വരന്‍ എനിക്ക് പറ്റിയ ശിക്ഷ തന്നെ തന്നൂ വിജയാ " എന്നായിരുന്നു .....:))

Wednesday, February 15, 2012

പ്രണയം

"നിനക്കായ്‌ മാത്രം കരുതിയ പ്രണയം 
കനവിലിന്നും കനിമധുരമായി നിറയുന്നു
വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം 
എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ ....!!!!."

Wednesday, February 8, 2012

ഡയറിയുടെ ഡയറിക്കുറിപ്പുകള്‍

മാറിലിറ്റുന്ന തണുപ്പ് ഞാന്‍ കുളിരെന്നു കരുതുമ്പോള്‍
ഉണങ്ങിയോട്ടുന്ന ചുടു ചോരപോലെ നിശ്വാസങ്ങള്‍
മനസ്സ് കീറി പേന തലപ്പിലൂറിയ സ്നേഹ വിദ്വേഷങ്ങള്‍
ചാല് കീറിയ വരികള്‍ കൊണ്ടെന്റെ ചങ്കിലെഴുതപ്പെടുന്നു
ചിലതില്‍ തുടങ്ങി വയ്ക്കുന്ന പുതുമ മണക്കുമ്പോള്‍
ചിലതില്‍ ഒടുക്കത്തെ കുറിപ്പെഴുതും വേദനയറിയുന്നു
ചിലര്‍ മനസ്സ് പങ്കു വച്ച കവിത രചിക്കുമ്പോള്‍
ചിലര്‍ ചരക്കു പങ്കു വച്ച കണക്കു കുറിക്കുന്നു
അളന്നു കുറിച്ച കണക്കുകള്‍ക്കിടയില്‍ ജീവിതം -
കളഞ്ഞു കുളിച്ച കുമ്പസാരവും കുറിച്ചു വച്ചവര്‍
ചിറകു മുളയ്ക്കാത്ത സ്വപ്നങ്ങളെ പറിച്ചു വച്ചെന്റെ
നിറവയറില്‍ ചാപിള്ളകളെ എഴുതി ചേര്‍ക്കുന്നു .