Tuesday, December 27, 2011

വില


അണിയാന്‍ മറന്ന ഉറയുടെ മുകളില്‍ 
കുറിച്ച് വച്ചതുയിരിന്‍ പിറവിയുടെ വില

ചതഞ്ഞമ്മിഞ്ഞയുള്ള ചെറിയ പാല്‍കുപ്പിയില്‍
തെളിഞ്ഞതമ്മയുടെ കിട്ടാത്തമ്മിഞ്ഞ ചൂടിന്‍ വില

പാഠപുസ്തകത്തിന് പുറംചട്ടയില്‍ കണ്ടത്
പാതി മനസ്സില്‍ തന്ന ദാനത്തിന്‍ വില

ചുമച്ചു തുപ്പിയ ചോരയില്‍ കണ്ടത്
ചുമടെടുത്തു പോറ്റിയ കുടുമ്പത്തിന്‍ വില

ചലനമറ്റിലയില്‍ കിടക്കുമ്പോള്‍
ചര്‍ച്ചയായത് പുതച്ച കോടി മുണ്ടിന്‍ വില ...!!

കപടന്‍



കവലയിലെത്തുംപോള്‍ കാരുണ്യവാനിവന്‍
കണ്ണാടി നോക്കുവാന്‍ ഭയമുള്ള കപടന്‍ 

അയലത്തെ പയ്യിന്‍റെ മരണമോര്‍മ്മിപ്പിച്ചത്
കാലത്തിറച്ചി വാങ്ങിയ കാശിന്‍റെ നഷ്ടം 

നാട്ടിലെ പീഡന വാര്‍ത്തയോര്‍മ്മിപ്പിച്ചത്
വീട്ടിലാണ്‍മക്കള്‍ മാത്രമുണ്ടായതിന്നാശ്വാസം 

അര്‍ദ്ധമുള്ളവന് ദാനം നല്‍കിയത് 
കൃത്യമായി തിരികെ കിട്ടുമെന്നുറപ്പില്‍

ക്രുധയാം ഭ്രാന്തി തെരുവില്‍ അലയുന്നതോര്‍മ്മിപ്പിച്ചത്
വൃദ്ധ സദനത്തിന്‍ തടവറയില്‍ അമ്മയുടെ സുരക്ഷയെ.

അമ്പല നടയില്‍ ഭിക്ഷ കൊടുക്കുമ്പോള്‍ നോക്കിയത് 
അമ്പാടി കണ്ണനാ കാഴ്ച കണ്ടോയെന്നുറപ്പിക്കാന്‍ 

സുന്ദരന്‍ സുമുഖന്‍ സുശീലന്‍ ഞാനെങ്കിലും 
കണ്ണാടി നോക്കുവാന്‍ ഭയമുള്ള കപടന്‍ ...!!!

Friday, September 30, 2011

നുറുങ്ങുകള്‍

കണി -
മതവെറി കൊണ്ടു മതിഭ്രമം
കാഴ്ചകളിലെന്നും കാമ ജ്വരം
അടിയാന്‍ ഉടയാത്തോരീ നാളില്‍
കണി വയ്ക്കുന്നത് കന്യകാത്വം മാത്രം ...!!!
-----------------------------------------------------
വല -
വയറിന്‍ വിളിയകലാന്‍ വരുമാ
വഴിയില്‍ വേടവല തന്‍ പൊലിമ
ഇഴതന്‍ പൊരുളറിയാ കിളി തന്‍
പ്രാണവിളികളാ വലയിലലറിയമരുന്നു .!!!
--------------------------------------------------------
പുക -
അകം പുകച്ച് ആലോചിച്ചു
അടുപ്പെങ്ങനെ പുകയ്ക്കാം
അടുത്തെങ്ങും പുകയില്ലെന്നു
അടികണ്ടരിക്കലം പിറുക്കുന്നു
ഇന്നടുപ്പക്കാര്‍ ഖേദിക്കുന്നു
അവനെന്തിനവരേം പുകച്ചെന്ന് ....!!!
--------------------------------------------------------
തിരക്ക്‌ -
തിരക്കെന്നെ തിരക്കിയെത്തുന്നു
തിരിച്ചെന്നെ തിരുകിയകറ്റുന്നു
അടുത്തെത്താന്‍ അകലമേറുന്നു
അകലത്തില്‍ അഴലേറുന്നു....!!!
----------------------------------------------------