Tuesday, June 26, 2012

ജീവിതമഴ


വിധിയുടെ പേമാരിയില്‍ 
നനഞ്ഞൊട്ടി മരവിച്ച നിന്‍റെ 
ഇരുണ്ട സ്വപ്നങ്ങള്‍ക്ക് മേല്‍ 
ജീവിതം കൊണ്ടൊരു വര്‍ണ്ണ-
കുട ചൂടി നില്‍ക്കാം ഞാന്‍.
എന്‍ മാറില്‍ ചായും നിന്‍  
തനുവിന്‍ താപമോന്നു മതിയാ-
മഴയെകുന്ന ശൈത്യത്തിലും 
നമ്മുടെ സ്വപ്നങ്ങളുടെ തിരി 
നിറ ദീപമായെന്നും ജ്വലിക്കാന്‍ . 


Monday, June 18, 2012

കിടപ്പറ രഹസ്യം


"ഇത്രയും നേരം എവിടായിരുന്നു ?"
"കൂട്ടുകാര്‍ക്കൊപ്പം വെറുതെ കത്തി വച്ചിരുന്നു"
"ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം മറന്നു പോയോ ?"
"നീ ഇവിടെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പല്ലേ ?"
"എല്ലാവരോടും ഒരുപാട് സംസാരിക്കുന്ന ആള്‍ എന്നോട് മാത്രമെന്താ ഒന്നും മിണ്ടാത്തത് ?"
"സത്യം പറഞ്ഞാല്‍ നിന്‍റെ കൂടെ തനിച്ചിരിക്കാന്‍ എനിക്ക് ഭയമാണ് "
"അതെന്താ...?"
"നിന്നോട് സംസാരിക്കുമ്പോഴാണ് ഞാന്‍ എന്നെ കാണുന്നത് "
"അപ്പോള്‍ കൂട്ടുകാരോട് സംസാരിക്കുംപോഴോ ?"
"ഞാന്‍ പറഞ്ഞു കൊടുക്കുന്ന എന്നെ മാത്രമല്ലേ അവര്‍ കാണുന്നുള്ളൂ ?"
"എന്നാല്‍ എനിക്കും അങ്ങിനെ പറഞ്ഞു തന്നാല്‍ പോരെ ..?"
"അപ്പോള്‍ നീ എന്നോട് പലതും ചോദിക്കില്ലേ ...? അതിന്‍റെ ഉത്തരങ്ങളാണ്   എന്‍റെ ഭയം "
"അപ്പോള്‍ അവരും ചോദിക്കില്ലേ ...? അവര്‍ക്കുള്ള ഉത്തരങ്ങളെ ഭയമില്ലേ ..?"
"അവരും ചോദിക്കും .....  ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കും ..... പക്ഷെ അതെ ഉത്തരം ഞാന്‍ നിന്നോട് പറഞ്ഞാല്‍ അത് തെറ്റാണ് എന്ന് നമുക്ക് രണ്ടുപേര്‍ക്കും അറിയാവുന്നത് കൊണ്ട് നമ്മള്‍ അസ്വസ്ഥരാകും "
"എങ്കില്‍ എന്നത്തെയും പോലെ ഒരാള്‍ക്ക്  കട്ടിലിലും മറ്റേ ആള്‍ക്ക് നിലത്തും കിടക്കാം "
"ഉം ...അതാണ്‌ നമുക്ക് രണ്ടിനും നല്ലത് "

അങ്ങിനെ മനസ്സും മനസ്സാക്ഷിയും പതിവ് പോലെ വേറെ വേറെ കിടന്നുറങ്ങി ......!!!!

Wednesday, June 13, 2012

സ്വതന്ത്രന്‍

വീതി കുറവാണ് , എങ്കിലും നീളമുണ്ട് 
വലിയ കട്ടില്‍ കിടക്കില്ല , പക്ഷെ 
ചെറുതിനു വിലക്കുറവുണ്ട്
വെള്ളത്തിനു മുട്ടുണ്ട് ,എങ്കിലും 
അവിടുത്തെ പോലെ കരണ്ട് പോകില്ല 
ടീവിയില്ല പക്ഷെ കമ്പ്യൂട്ടറില്‍ 
സിനിമയും വാര്‍ത്തയുമുണ്ട്
കിച്ചനില്ല , ഓ .. അല്ലെങ്കിലാരാ 
വെച്ച് വിളമ്പാനിവിടെ ...?
എല്ലാം ഒതുക്കി കഴിയുന്നുവോ ...?
അല്ലല്ലോ , ഞാനിന്നു സ്വതന്ത്രനല്ലേ ....?
സഹമുറിയനില്‍ നിന്നൊറ്റപ്പെടുന്ന 
ദുഖവും ചെര്‍ത്തെനിക്കിന്നു 
പൊട്ടിക്കരയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ ..!!!

Tuesday, June 12, 2012

മരണഭയം

അകലെ ,കാതങ്ങള്‍ക്കപ്പുറം
നരവീണ കണ്‍പീലികള്‍ അടയ്ക്കാതെ 
മരണ ഭീതിയിലൊരു മാതൃമാനസം 
ജന്മസുകൃതമാം പുത്രകരങ്ങളെ 
മുറുകെ പിടിച്ചോതുന്നു 
"മകരമാസത്തിലെ മഞ്ഞുള്ള രാത്രിയില്‍ 
നിന്‍റെ മൃദുമേനിയെ മരവിപ്പിച്ചുറക്കാന്‍ 
മരണത്തിന്‍ ദൂതുമായെത്തിയ തണുപ്പില്‍ 
നിന്നെയെന്‍ മാറിന്‍ ചൂടില്‍ പൊതിഞ്ഞു 
കാത്തപോലെന്‍ ശുഷ്ക മേനിയെ പുണരുക
നിന്‍റെ മാറോട് ചേര്‍ത്തു വയ്ക്കുക ,
മകനെ ...മരിക്കാന്‍ ഭയമാണമ്മയ്ക്ക് "

ദുരിതങ്ങള്‍ തന്‍ തിരയോഴിയാത്ത പ്രാരാബ്ധ തീരത്തെ 
വരണ്ട ജീവിതത്തിന്‍ മണല്‍ തരിയായിരുന്നമ്മ 
നരക യാതനയ്ക്ക് നടുവിലുമെന്‍ നാക സ്വപ്നങ്ങള്‍ക്ക് 
ചിറകു മുളയ്ക്കാന്‍ ചുമടെടുത്ത ത്യാഗിയായിരുന്നമ്മ 
തരിശു ഭൂമിയെ തുളച്ചു കീറിയ വക്ക് വളഞ്ഞ കുന്താലിക്ക് 
ആഴത്തിലിറങ്ങാന്‍ ആക്കം നല്‍കി തഴമ്പിച്ച കൈകളിന്നു 
ആതുരശുശ്രൂഷയുടെ നാലുകെട്ടിന്നുള്ളില്‍ പേടിച്ചു വിറയ്ക്കുന്നു 
പിച്ച വയ്ക്കുമ്പോള്‍ വീഴുമെന്ന ഭയത്താല്‍ അമ്മയുടെയാട-
തുച്ചത്തിലള്ളി പിടിച്ചപോലെന്നെ പിടിച്ചു മുറുക്കുന്നമ്മ 
ഉള്ളം പിടിച്ചു കുലുക്കുന്ന ഓര്‍മ്മകള്‍ തിരയടിചെത്തുമ്പോഴുമീ 
നിസ്സഹായതയ്ക്ക് മുന്നില്‍ നിലവിളിക്കാന്‍ പോലുമാകാതെ 
നിശബ്ദം മിഴിതുളുമ്പുന്ന നിസ്വനാം പുത്രന്‍ ഞാന്‍ 

മരണമേ , നിന്നോട് കേഴുന്നു ഞാന്‍ 
ഈ ഇരുള്‍ മുറിയില്‍ നീ വരരുതേ 
ഈ ഇടനാഴിയില്‍ നീ നില്‍ക്കരുതെ 
എന്‍റെ കരം പിടിചോര്‍മ്മകളുടെ തീരത്ത് 
ഒരിക്കല്‍ കൂടി നടന്നോട്ടെ എന്നമ്മ ..
പോക നീ ... അല്ലെങ്കിലെന്നെയും-
ചേര്‍ത്തു പുല്‍കുക ,ഭയക്കുന്നു നിന്നെ ഞാനും 
മരണമേ ,ഇന്നാദ്യമായി ഭയക്കുന്നു നിന്നെ ഞാനും ....!!!!

ജീവിതം

പ്രണയം - കൂടെ നില്‍ക്കുവാന്‍ കൊതിച്ചത് 
ദാമ്പത്യം - കൂടി നിന്നപ്പോഴുണ്ടായത് 
കലഹം - കുറുമ്പ് കൂടിയപ്പോഴുണ്ടായത് 
വിരഹം - കൂടെയില്ലെന്ന് അറിയിച്ചത് 
പ്രതീക്ഷ - കൂടുവാനിനിയും ആകുമെന്നത് .

Friday, June 8, 2012

നീയെന്‍ നിശ

എന്‍റെ കനവുകള്‍ക്ക് മാദകഗന്ധം പരത്തി 
എന്നെയുന്മത്തനാക്കുന്ന നീയെന്‍ നിശാഗന്ധി 

എന്‍റെ സ്വപ്നങ്ങളില്‍ പാറി പറന്നുല്ലസിക്കും 
നിറമുള്ള ചിറകു വിരിച്ച നീയെന്‍ നിശാശലഭം 

എന്‍റെ മോഹങ്ങള്‍ക്ക് കുരുന്നു വെളിച്ചപ്രഭയെകി 
ഇരുളിന്നാകാശത്ത് വഴികാട്ടുന്ന നീയെന്‍ നിശാതാരകം 

എന്‍റെ പകലുകളുടെ തീഷ്ണതയെ തണുപ്പിക്കാന്‍ 
ഇരുളിലെ നിദ്രയ്ക്കു കൂട്ടായിരിക്കുന്ന നീയെന്‍ നിശ .

Thursday, June 7, 2012

ഓപ്പോള്‍

പുര നിറഞ്ഞു നിന്നത് കണ്ടാധികൊണ്ടച്ഛന്‍
മനമറിയാനുള്ള ചോദ്യങ്ങളുമായി നിന്നമ്മ 
നിറമുള്ള കുപ്പായത്തിലെ മിനുക്കം കണ്ടു ഞാന്‍ 
നിറഞ്ഞൊഴുകുന്ന പുഴയിലന്ത്യം കണ്ടോപ്പോള്‍

അഴുകിയ ശരീരത്തില്‍ ആര്‍ത്തിയോടെ നോക്കി
മനസ്സിലെ അഴുക്കുകള്‍ പുലഭ്യമായോതി നാട്ടാര്‍
വളര്‍ത്തു ദോഷമമ്മയെ കുറ്റവിചാരണ ചെയ്യുമ്പോള്‍
അഭിമാനത്തിന്‍റെ കയറു പിരിയിലച്ചന്‍ തൂങ്ങിയാടി

ഒരു ചില്ലു കൂട്ടില്‍ മാലയ്ക്ക് പിന്നിലായോപ്പോള്‍
അണയാത്ത സീറോ ബള്‍ബു നോക്കി ചിരിക്കുമ്പോള്‍
പുഴയിലേക്ക് പോകും മുന്‍പ് സമ്മാനമായി തന്ന
നിറമുള്ള കുപ്പായത്തിലെ മിനുക്കം നോക്കി ഞാനിന്നും .

കഴുകന്‍



യുദ്ധഭൂമിയില്‍ കളഞ്ഞു കിട്ടിയ ശവത്തിന്റെ
കഴുത്തറുത്തവനെ പ്രാകി കൊണ്ടതിന്റെ
തണുത്ത മാംസം കൊത്തിപ്പറിച്ചത്  വെറും
വിശപ്പടക്കാന്‍ വേണ്ടി മാത്രമെങ്കിലും, ചുറ്റും
കാഴ്ചയെ വീശിയെറിഞ്ഞു നോക്കിയതൊരു
ചെറു ഞരക്കമെങ്കിലും ബാക്കിവച്ചൊരു
പിടയുന്ന പ്രാണനുണ്ടോ എന്ന് തിരയാന്‍
പച്ചമാംസം നിറച്ചതെന്റെ വയറിനെ മാത്രം
എന്‍റെ കൊക്കും നഖവുമാഴ്ന്നിറങ്ങുമ്പോള്‍
ജീവന്‍ പിടയുന്ന ദീന രോദനം കേള്‍ക്കാത്ത
വെറും ദാനശവം തിന്നുന്ന ഞാനെന്തു കഴുകന്‍ ...?

Sunday, June 3, 2012

മോഹം

നിറമുള്ള സ്വപ്നങ്ങളെങ്കിലും കൂട്ടായിരുന്നെങ്കില്‍ 
നിഴലിനു പിന്നിലോളിക്കാന്‍ ഇടമുണ്ടായിരുന്നെങ്കില്‍ 
നിശയും നിദ്രയുമെനിക്ക് തപമേകാതിരുന്നെങ്കില്‍ 
നിന്നിലെ ഓര്‍മ്മകളില്‍ നീറിയെരിയാതിരുന്നെങ്കില്‍  

Saturday, June 2, 2012

നിദ്രാ വിഹീനം


കരളില്‍ കനവ്  കൊരിയിട്ടീയിരവിന്‍ കോണി -
ന്നിരുളിലെവിടെയോ എന്‍ നിദ്രയൊളിപ്പൂ
സ്വപ്ന മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത് പൂര്‍വ്വ
സ്മരണകളില്‍ മനം പിടഞ്ഞസ്വസ്ഥമാകുന്നു
ഉണര്‍ത്തുന്നില്ല നിന്നെയുമോര്‍മ്മകളെയും
ഒരു ഗദ്ഗതത്തിന്‍ നെടുവീര്‍പ്പിനാല്‍ പോലും
നീയുറങ്ങുക, മധുരസ്വപ്നങ്ങളുടെ മടിത്തട്ടില്‍
ഒരു കുളിര്‍ തെന്നലിന്‍ തലോടലേറ്റ് മയങ്ങുക
നിദ്രാവിഹീനമീ നിശയില്‍ സ്മൃതികള്‍ക്ക് കാവലായ്‌
ഞാനീ ഏകാന്തതയെ പുതച്ചു കിടക്കട്ടെ .