Monday, April 23, 2012

ആ മഴ ഞാന്‍ നനയുകയായിരുന്നു .....


സങ്കടകടലില്‍ നിന്നും വേദന ബാഷ്പീകരിച്ച മൌന മേഘങ്ങള്‍
ചങ്കുപൊട്ടി പെയ്തൊഴിഞ്ഞരാ മഴ ഞാന്‍ നനയുകയായിരുന്നു

ഒലിച്ചിറങ്ങുന്ന പൊയ്മുഖ വര്‍ണ്ണങ്ങള്‍ നിലത്തു പതിച്ചിരുള്‍
പിടിയിലമര്‍ന്നു പോയ വെളിച്ച പൊട്ടുകള്‍ പോല്‍ തേങ്ങുന്നു

മറുവാക്കുകള്‍ കടിച്ചമര്‍ത്തുംപോള്‍ വക്ക് പൊട്ടിയ ഗദ്ഗദങ്ങള്‍
കുതിച്ചു ചാടിയതീറന്‍ മിഴിക്കോണില്‍ കീറിയ ചാലുകളില്‍ കൂടി

ഓരോ തുള്ളിയുമൊരായിരം കദനങ്ങള്‍ കോറിയിട്ടഴലുരിയുമ്പോള്‍
എന്‍ കഥയിലായിരം നൊമ്പര കനവുകള്‍ നിറയുകയായിരുന്നു

തുള്ളിക്കൊരു കുടം പോലെ നീയെന്നില്‍ നീറിയിറങ്ങുംപോഴും
തെല്ലുമൊഴിയാതെ നിന്ന്..... ആ തീമഴ ഞാന്‍ നനയുകയായിരുന്നു .

വിരക്തി

ആത്മനൊമ്പര  വേളയിലെന്നിഷ്ട ഗാനമായിരുന്നതെന്നും 
ആദ്യവരികളിന്നും മറവിതന്‍ ചെപ്പിലോളിചിരിക്കുന്നു 
നിന്നോര്‍മ്മയുടെ നേര്‍ത്ത തലോടലില്‍ തിരികെയെത്തുമതാ -
ചിരകാല സുന്ദര നിമിഷത്തിന്‍ മര്‍മ്മരങ്ങളോടെയെങ്കിലും 
പാതിവഴിയിലുപേക്ഷിച്ചു പോയൊരാ പൂങ്കുയില്‍ നാദം 
പകുതി മാത്രം കേള്‍ക്കുവാനാശയേതും ബാക്കിയില്ലെന്നില്‍.

Friday, April 20, 2012

കടല്‍ദൂരം

ഇണക്കിളിയുമെന്‍ തളിരുമുള്ളില്‍ -
കുണുങ്ങി ചിരിക്കുന്നൊരു തുടിപ്പും 
കൈക്കുമ്പിളില്‍ കാത്തു വച്ചെ- 
നിക്കിന്നൊരു കടല്‍ദൂരം ബാക്കി.

Friday, April 13, 2012

ജീവിതം

ആദിമദ്ധ്യാന്തങ്ങള്‍ കുറിച്ചിട്ടൊരീ ക്ഷണികതയില്‍ 
ഇരു ബിന്ദുക്കള്‍ക്കിടയിലൊരു ജീവന്‍ കിളിര്‍ക്കുന്നു 
ഒന്നില്‍ നിന്നോന്നിലേക്കീ കാലത്തിനൊപ്പം നേര്‍ -
രേഖയില്‍ മുന്നോട്ട് പായുമീ യാത്രയത്രേ ജീവിതം .
വഴിപിരിഞ്ഞും പഴിപറഞ്ഞും അപര വഴികളിലിരുള്‍ -
പൊതിഞ്ഞും പാരിതില്‍ ചേര്‍ക്കുന്നു കേവല നാമങ്ങള്‍
ജലതരംഗങ്ങള്‍ പോലെ അലയുതിര്‍ത്തൊടുവിലെല്ലാം
നിശബ്ദതയുടെ അനന്തമാം ശാന്തതയിലലിയുന്നു നിത്യം.