Tuesday, June 12, 2012

മരണഭയം

അകലെ ,കാതങ്ങള്‍ക്കപ്പുറം
നരവീണ കണ്‍പീലികള്‍ അടയ്ക്കാതെ 
മരണ ഭീതിയിലൊരു മാതൃമാനസം 
ജന്മസുകൃതമാം പുത്രകരങ്ങളെ 
മുറുകെ പിടിച്ചോതുന്നു 
"മകരമാസത്തിലെ മഞ്ഞുള്ള രാത്രിയില്‍ 
നിന്‍റെ മൃദുമേനിയെ മരവിപ്പിച്ചുറക്കാന്‍ 
മരണത്തിന്‍ ദൂതുമായെത്തിയ തണുപ്പില്‍ 
നിന്നെയെന്‍ മാറിന്‍ ചൂടില്‍ പൊതിഞ്ഞു 
കാത്തപോലെന്‍ ശുഷ്ക മേനിയെ പുണരുക
നിന്‍റെ മാറോട് ചേര്‍ത്തു വയ്ക്കുക ,
മകനെ ...മരിക്കാന്‍ ഭയമാണമ്മയ്ക്ക് "

ദുരിതങ്ങള്‍ തന്‍ തിരയോഴിയാത്ത പ്രാരാബ്ധ തീരത്തെ 
വരണ്ട ജീവിതത്തിന്‍ മണല്‍ തരിയായിരുന്നമ്മ 
നരക യാതനയ്ക്ക് നടുവിലുമെന്‍ നാക സ്വപ്നങ്ങള്‍ക്ക് 
ചിറകു മുളയ്ക്കാന്‍ ചുമടെടുത്ത ത്യാഗിയായിരുന്നമ്മ 
തരിശു ഭൂമിയെ തുളച്ചു കീറിയ വക്ക് വളഞ്ഞ കുന്താലിക്ക് 
ആഴത്തിലിറങ്ങാന്‍ ആക്കം നല്‍കി തഴമ്പിച്ച കൈകളിന്നു 
ആതുരശുശ്രൂഷയുടെ നാലുകെട്ടിന്നുള്ളില്‍ പേടിച്ചു വിറയ്ക്കുന്നു 
പിച്ച വയ്ക്കുമ്പോള്‍ വീഴുമെന്ന ഭയത്താല്‍ അമ്മയുടെയാട-
തുച്ചത്തിലള്ളി പിടിച്ചപോലെന്നെ പിടിച്ചു മുറുക്കുന്നമ്മ 
ഉള്ളം പിടിച്ചു കുലുക്കുന്ന ഓര്‍മ്മകള്‍ തിരയടിചെത്തുമ്പോഴുമീ 
നിസ്സഹായതയ്ക്ക് മുന്നില്‍ നിലവിളിക്കാന്‍ പോലുമാകാതെ 
നിശബ്ദം മിഴിതുളുമ്പുന്ന നിസ്വനാം പുത്രന്‍ ഞാന്‍ 

മരണമേ , നിന്നോട് കേഴുന്നു ഞാന്‍ 
ഈ ഇരുള്‍ മുറിയില്‍ നീ വരരുതേ 
ഈ ഇടനാഴിയില്‍ നീ നില്‍ക്കരുതെ 
എന്‍റെ കരം പിടിചോര്‍മ്മകളുടെ തീരത്ത് 
ഒരിക്കല്‍ കൂടി നടന്നോട്ടെ എന്നമ്മ ..
പോക നീ ... അല്ലെങ്കിലെന്നെയും-
ചേര്‍ത്തു പുല്‍കുക ,ഭയക്കുന്നു നിന്നെ ഞാനും 
മരണമേ ,ഇന്നാദ്യമായി ഭയക്കുന്നു നിന്നെ ഞാനും ....!!!!

No comments:

Post a Comment